Pinarayi-watching- ministers-actions

തിരുവനന്തപുരം: പ്രവര്‍ത്തന മികവില്ലെങ്കില്‍ മന്ത്രിമാരെ മുഖ്യമന്ത്രി ഇടപെട്ട് മാറ്റും !

മുന്‍ ഇടത് സര്‍ക്കാരില്‍ നിന്ന് വിഭിന്നമായി നൂറ് ശതമാനവും പ്രവര്‍ത്തന മികവുമായി മാത്രമേ തന്റെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയുവെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.

ഇതിനാവശ്യമായ ഇടപെടലുകളാണ് എല്ലാ വകുപ്പിലും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.മാധ്യമങ്ങളുടെ മാര്‍ക്കിടല്‍ ആശ്രയിച്ചല്ല മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നത്. മറിച്ച് മുഖ്യമന്ത്രിക്ക് തന്നെ നേരിട്ട് ബോധ്യപ്പെടുന്ന കാര്യങ്ങളിലാണ് തിരുത്തല്‍ നടപടി സ്വീകരിക്കുക.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാര്‍ അഞ്ച് വര്‍ഷവും തല്‍സ്ഥാനത്ത് തുടരുന്ന പതിവ് രീതിയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ അതിന് തയ്യാറാകാന്‍ മടിക്കില്ലെന്ന വ്യക്തമായ സന്ദേശം പിണറായി സഹപ്രവര്‍ത്തകരോട് പരോക്ഷമായി സൂചിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.

ഇപ്പോള്‍ സര്‍ക്കാരിന്റെയോ മന്ത്രിമാരുടെയോ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും സമയമാകുമ്പോള്‍ ഉചിതമായ ‘നടപടി’ സ്വീകരിക്കാനാണ് നീക്കം. ഓഫീസിലെ ഭരണം, പൊതുജന സമ്പര്‍ക്കം, സ്വന്തം വകുപ്പുകളിലെ പ്രവര്‍ത്തികള്‍ തുടങ്ങിയവ പ്രത്യേകം പരിശോധിക്കും.

ഉദ്യോഗസ്ഥര്‍ക്കും ഈ നിലപാട് ബാധകമാണ്. പ്രവര്‍ത്തന മികവില്ലാതെ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

ഇതോടൊപ്പം തന്നെ കളങ്കിതരും ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതികളുമായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.

കാലങ്ങളായി രാഷ്ട്രീയ ശുപാര്‍ശയില്‍ ഉന്നത സ്ഥാനം തരപ്പെടുത്തുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്കും റെഡ് സിഗ്നലായി.

സിപിഎം സംസ്ഥാന നേതൃത്വം നല്‍കുന്ന ലിസ്റ്റ്പ്രകാരം മാത്രം കാര്യങ്ങള്‍ നടന്നിരുന്ന മുന്‍ ഇടത് സര്‍ക്കാരിന്റെ രീതിക്ക് പിണറായി അധികാരമേറ്റയുടനെ തന്നെ മാറ്റം വരുത്തിയിരുന്നു.

പാര്‍ട്ടി ഇടപെടല്‍ ആവശ്യത്തിന് മാത്രം എന്ന നിലയിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ മാറിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കടുത്ത മോണിറ്ററിങ്ങില്‍ മന്ത്രിമാര്‍ക്കിടയില്‍ പോലും അസ്വാരസങ്ങള്‍ ഉണ്ടെങ്കിലും ആരും അക്കാര്യം പറയാന്‍ ധൈര്യപ്പെടുന്നില്ല.

മന്ത്രിമാരോടായാലും ഉദ്യോഗസ്ഥരോടായാലും പറയേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ മടിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഇതിനകം തന്നെ സിപിഎം നേതൃത്വത്തില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിട്ടു കഴിഞ്ഞു.

സ്വന്തം മന്ത്രിമാരായാലും ഘടകകക്ഷി മന്ത്രിമാരായാലും മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ പിന്നെ ആ തീരുമാനം മാറ്റിക്കാന്‍ പ്രയാസമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഇപ്പോള്‍ തന്നെ ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ കടുത്ത നിരീക്ഷണത്തിലാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കാര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയെന്ന് പേരെടുത്ത പിണറായി ഇതിനകം തന്നെ കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയെന്ന പേര് സമ്പാദിച്ച് കഴിഞ്ഞു.

പാര്‍ട്ടിയെ നിയന്ത്രിച്ച പോലെ സര്‍ക്കാരിനെ നിയന്ത്രിക്കാനും ഭരിക്കാനും പിണറായിക്ക് കഴിയില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ‘പവര്‍’ എന്താണെന്ന് ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Top