Pinarayi-vs-conflict-UDF-election-campaign

തിരുവനന്തപുരം: അപ്രതീക്ഷിതമായി വീണ് കിട്ടിയ പിണറായിയുടെ വാക്കുകള്‍ ആയുധമാക്കി യുഡിഎഫും ബിജെപിയും.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ പാസാക്കിയ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ അഭിപ്രായ പ്രകടനമാണ് ഭരണപക്ഷത്തിന് ആവേശം പകര്‍ന്നിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പിണറായി പറഞ്ഞതെങ്കിലും അഭിപ്രായം അനവസരത്തിലായി പോയെന്ന അഭിപ്രായത്തിലാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍.

പാര്‍ട്ടിയും മുന്നണിയും ജീവന്മരണ പോരാട്ടം നടത്തുന്ന തിരഞ്ഞെടുപ്പില്‍ കുറച്ചു കൂടി പക്വതയോടു കൂടി പ്രതികരണമാവാമായിരുന്നു എന്ന നിലപാട് ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്കിടയിലുമുണ്ട്. പിണറായി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെങ്കിലും അഭിപ്രായ പ്രകടനം നടത്താന്‍ പറ്റിയ സന്ദര്‍ഭം ഇതല്ലായിരുന്നു എന്നാണ് നേതാക്കള്‍ക്കിടയിലെ സംസാരം.

അതേസമയം, പിണറായിയുടെ വിവാദ പരാമര്‍ശം മുന്‍നിര്‍ത്തി യുഡിഎഫും ബിജെപിയും ശക്തമായ പ്രചരണ കാമ്പയിനാണ് ഇപ്പോള്‍ അഴിച്ച് വിട്ടിട്ടുള്ളത്.

സോഷ്യല്‍മീഡിയ മുതല്‍ തെരുവു പ്രസംഗത്തില്‍ വരെ ഇപ്പോള്‍ ചൂടേറിയ വിഷയം പിണറായിയുടെ വിവാദ പരാമര്‍ശമാണ്.

ഇക്കാര്യത്തില്‍ വിഎസ് ഉടനെ പ്രതികരിക്കുമെന്നും അതോട്കൂടി ഇടതുമുന്നണിയിലെ ഭിന്നിപ്പ് പരസ്യമാകുമെന്നുമുള്ള കാഴ്ചപ്പാടിലാണ് ഭരണപക്ഷം.

രാഷ്ട്രീയ കേരളം ഇപ്പോള്‍ വിഎസിന്റെ പ്രതികരണത്തിനായാണ് കാത്തിരിക്കുന്നത്.

Top