Pinarayi Vijayan’s facebook post against Oommen chandy

തിരുവനന്തപുരം: പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.

കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്ന് ബോധ്യമായ ഉമ്മന്‍ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് വിവാദമെന്ന് കരുതണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം സംബന്ധിച്ച വിവാദത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചത് രണ്ടു പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും. ഈ രണ്ടു പേരും ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചു കളി ദുരൂഹത ഉള്ളതാണ്. ഇവരുടെ ഒത്തുകളിയാണ് ഇതിനെല്ലാം പിന്നിലെന്നും പിണറായി വ്യക്തമാക്കി.

വിലക്ക് വിവാദം ഉണ്ടായ അന്നു തന്നെ വെള്ളാപ്പള്ളി-ഉമ്മന്‍ ചാണ്ടി ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്ന് Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശരിവയ്ക്കുന്ന തരത്തില്‍ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ തങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിലക്കിയതില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പിണറായി കൂടി ഒത്തുകളി സംബന്ധിച്ച് ആരോപണവുമായി രംഗത്ത് വന്നത് ഇതു സംബന്ധമായി പുറത്തുവിട്ട വാര്‍ത്ത ശരി വയ്ക്കുന്നതാണ്.

(പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…)

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം സംബന്ധിച്ച വിവാദത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചത് രണ്ടു പേരാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും. ഈ രണ്ടു പേരും ഇക്കാര്യത്തില്‍ നടത്തുന്ന ഒളിച്ചു കളി ദുരൂഹത ഉള്ളതാണ്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് വിളിച്ച ശേഷം മുഖ്യമന്ത്രിയെ അപമാനിച്ചു ഒഴിവാക്കിയതില്‍ ഒരു പ്രതിഷേധവും ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉയര്‍ന്നു കണ്ടില്ല. നരേന്ദ്ര മോഡിയെ നേരില്‍ കണ്ടു പ്രതിഷേധം അറിയിക്കാനുള്ള അവസരമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടി കവാത്ത് മറന്നു. മോഡി ആകട്ടെ, കേരളത്തിനു ന്യായമായി ലഭിക്കേണ്ടതുപോലും നല്കാതെയും അതെക്കുറിച്ച് മിണ്ടാതെയും സ്ഥലം വിടുകയും ചെയ്തു.

പ്രതിമാവിവാദം ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍ തയ്യാറായ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മനസ്സ് തനിക്ക് എതിരാണെന്ന് ബോധ്യമായ ഉമ്മന്‍ചാണ്ടി ശ്രദ്ധ തിരിച്ചുവിടാന്‍ ഉണ്ടാക്കിയതാണ് ഇത് എന്ന് കരുതണം.

ആര്‍ ശങ്കര്‍ എസ്എന്‍ഡിപി നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനാണ്. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ തന്നെ വിലക്കിയതാണെന്നോ അതിലുള്ള പ്രതിഷേധമോ എന്തുകൊണ്ട് അറിയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിക്കല്ലേ അറിയുക.

ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്ന് വ്യക്തമാക്കിയത് വെള്ളാപ്പള്ളി നടേശനാണ്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ അത് ലഭിക്കുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രത്തില്‍നിന്ന് അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് തുറന്നുപറയേണ്ടതും ഇരുവരുമാണ്. എന്നാല്‍ ഇവിടെ വെള്ളാപ്പള്ളി നടേശനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നത്. അതെങ്ങനെയാണ് പൊരുത്തപ്പെടുക. ഇവിടെയാണ് വെള്ളാപ്പള്ളി-ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടില്‍ പിറന്ന നാടകമാണ് പ്രതിമാവിവാദം എന്ന് സംശയിക്കേണ്ടത്.

ആര്‍ ശങ്കര്‍ ആര്‍എസ്എസ് നേതാവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറയുന്നത്. നേരത്തെ ആര്‍എസ്എസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍പോലും കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടായില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് റാഞ്ചി അവരുടെ സ്വന്തമാക്കി. ഗാന്ധി വധത്തെ നിരന്തരം ന്യായീകരിച്ച സംഘപരിവാര്‍ നെഹ്‌റുവിനെയാണ് ആദ്യം വധിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഇതിലും ഒരു പ്രതിഷേധവുമുണ്ടായില്ല. മാത്രമല്ല, സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയുംചെയ്യുന്നു. കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിനെ ഭയക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിന് എന്നും ചാഞ്ചാട്ടമാണ്.

ഇന്ന് ആര്‍ ശങ്കറിനെ കാവി അണിയിക്കുന്നവര്‍ക്ക് നാളെ ഉമ്മന്ചാണ്ടിയടക്കമുള്ള കോണ്ഗ്രസ്സ് നേതാക്കളെ ഒരു വിഷമവും ഇല്ലാതെ അങ്ങനെ ചെയ്യാന്‍ കഴിയുംകാരണം കേരളത്തില്‍ സംഘപരിവാറിന്റെ ഏറ്റവും അടുത്ത സഹായിയും സംരക്ഷകനും ഉമ്മന്‍ചാണ്ടി ആണ്. ആര്‍ എസ് എസിനെതിരെ ഒരു വിഷയത്തിലും നിലപാടെടുക്കാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി.

Top