പിണറായി വിജയന് ഇരട്ടത്താപ്പ് , മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തല്‍ ; ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു വശത്ത് എസ്എഫ്ഐ പ്രവര്‍ത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാന്‍ പറയുകയും ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ്എഫ്ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃശൂര്‍ എങ്ങണ്ടിയൂരില്‍ ഗവര്‍ണര്‍ക്ക് വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 10 ലധികം വരുന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

ഇന്നും ഗവര്‍ണര്‍ക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികള്‍ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചത്. ഇതിനിടെ കരിങ്കൊടി കാണിച്ച SFI പ്രവര്‍ത്തകരെ BJP പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. ബിജെപി ആര്‍എസ്എസ് അനുഭാവികളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം.

Top