മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി . .

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു.

തൃശ്ശൂരിലെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ ഇന്നത്തെ പര്യടനവും മാറ്റിവച്ചിട്ടുണ്ട്.

അതി ദാരുണ കൊലപാതകങ്ങളാണ് കാസര്‍ഗോഡ് നടന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്, പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ നിലവിലുള്ളതായി അറിയില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Top