13 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് പുറപ്പെടും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും 13 ദിവസത്തെ ജപ്പാന്‍, കൊറിയ സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര.

നവംബർ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.

ജപ്പാന്‍,കൊറിയ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക,ഗതാഗതമേഖലയില്‍ അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.

ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഗവണ്‍മെന്റിലെ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് എന്നിവ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി, നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും ഷിമെയ്ന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിര പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Top