വീണ്ടും ‘ഹീറോ’ ; ദേശീയമാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ദേശീയ തലത്തില്‍ തന്നെ ഹീറോ പദവിയിലെത്തിയ വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ ഹീറോയിസത്തിന് പിന്നാലെ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒന്നിച്ചിറങ്ങുമെന്നും ഒറ്റക്കെട്ടാണെന്നുമാണ് പരസ്യത്തില്‍ പറയുന്നത്.

ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. മാത്രമല്ല പ്രതിപക്ഷത്തെ ഒപ്പം കൂട്ടി സംയുക്ത സമരപരിപാടി സംഘടിപ്പിച്ചതും ദേശീയ തലത്തില്‍ ഇടത് സര്‍ക്കാരിന്റെ മൂല്യം കൂട്ടിയിരുന്നു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത്.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

Top