തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വീഴുമെന്ന് പ്രതിപക്ഷ നിഗമനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയേക്കാള്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നത് മറ്റൊന്നാണ്. അത് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാണ്.

ലോക്‌സഭ തെഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടാല്‍ പിണറായി പാര്‍ട്ടിയിലും മുന്നണിയിലും സമ്മര്‍ദ്ദത്തിലാകുമെന്നും രാജിവയ്‌ക്കേണ്ടി വരുമെന്നുമാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മുതല്‍ ബി.ജെ.പിവരെ ഇത് ആഗ്രഹിക്കുന്നുണ്ട്.

ഇടതുപക്ഷത്ത് നിന്ന് മറ്റാര് മുഖ്യമന്ത്രി ആയാലും പിണറായി തുടരരുത് എന്നതാണ് ഇവരുടെ താല്‍പ്പര്യം.ലാവ്‌ലിന്‍ പുന:പരിശോധനാ ഹര്‍ജിയില്‍ പിണറായിക്കെതിരെ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടാകും, രാജിവെക്കേണ്ടിവരും എന്നൊക്കെ ആഗ്രഹിച്ചവര്‍ക്ക് കോടതി നടപടികള്‍ നീണ്ടുപോകുന്നത് തിരിച്ചടിയായിരുന്നു.

പിണറായിയോട് വിചാരണ നേരിടാന്‍ കോടതി പറയും എന്നാണ് ബി.ജെ.പി – യു.ഡി.എഫ് നേതൃത്വങ്ങള്‍ കരുതുന്നത്. എന്നാല്‍ സി.ബി.ഐയുടെ ആവശ്യത്തിന്‍മേല്‍ ഇതുവരെ സുപ്രീം കോടതിയില്‍ നിന്നും ഒരു തീരുമാനവും വന്നിട്ടില്ല.

ഇതിനിടെയാണ് സോളാര്‍ താരം സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.പ്രതിപക്ഷത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ഇത്. മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം കുരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന് പിണറായിയോടുള്ള പകയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.

നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച പിണറായിയുടെ അച്ചടക്ക വാള്‍ സ്വന്തം മന്ത്രി സഭയിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെയും മുന്‍പ് വീശിയിട്ടുണ്ട്.

ഇ പി.ജയരാജനും ശശീന്ദ്രനും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് മൂലമായിരുന്നു. പിന്നീട് കോടതി കുറ്റവിമുക്തരാക്കിയതിനു ശേഷമാണ് ഇരുവര്‍ക്കും മന്ത്രിസഭയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നത്. ഐ.പി.എസ് – ഐ.എ.എസ് ലോബിയും മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യം നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ്.

വിജിലന്‍സ് റെയ്ഡിനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയാന്‍ പോയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചോടേണ്ട ഗതികേട് വരെ ഉണ്ടായി.

ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതി ഉത്തരവുമായി പൊലീസ് ചീഫായി വിലസാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആസ്ഥാനത്ത് വിശ്വസ്തനായ ടോമിന്‍ തച്ചങ്കരിയെ നിയോഗിച്ചാണ് പിണറായി നേരിട്ടത്.

പ്രതിപക്ഷ പാര്‍ട്ടി എം.എല്‍.എമാര്‍ നിരാഹാരം ഉള്‍പ്പെടെ കിടന്ന് സമരങ്ങള്‍ നടത്തിയിട്ടും അതും മൈന്റ് ചെയ്തില്ല. ഒടുവില്‍ നിരുപാധികം സമരം അവസാനിപ്പിച്ച് അവര്‍ക്കും മടങ്ങേണ്ടി വന്നിരുന്നു. വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കവും പിണറായി പൊലീസ് അടിച്ചമര്‍ത്തി.

നിപ്പയും , പ്രളയവും ശബരിമല വിഷയവുമാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നത്.നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എതിരാളികളുടെ കൂടി പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാന്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായിയുടെ ഇടപെടല്‍ ഏറെ സഹായകരമായിരുന്നു.

ആകെ പിണറായിയുടെ കാലത്ത് ശക്തമായ ഒരു പ്രതിഷേധം അരങ്ങേറിയത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അത് ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു.

എന്നാല്‍ യുവതികള്‍ക്ക് ശബരിമല പ്രവേശനം ആകാം എന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന് അപ്പുറം മറ്റൊരു നിലപാടും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.ശബരിമല കര്‍മ്മസമിതി നടത്തിയ സമരത്തെ പൊലീസ് നേരിട്ടതും കടുപ്പത്തില്‍ തന്നെയായിരുന്നു. സംഘപരിവാറിന്റെ സകല നേതാക്കളും നൂറ് കണക്കിന് കേസുകളില്‍ പ്രതികളായി.

പുരോഗമന വാദവും നവോത്ഥാനവും എല്ലാം ചുമ്മാ പ്രസംഗത്തില്‍ മാത്രം പറയുന്നവര്‍ പോലും ഈ കടുത്ത നിലപാട് കണ്ട് ഞെട്ടിപ്പോയിരുന്നു.കണ്ണൂരിലെ അക്രമ സംഭവങ്ങളേക്കാള്‍ സംഘപരിവാറിനെ പിണറായിയുടെ കടുത്ത ശത്രുവാക്കിയ നടപടി ആയിരുന്നു ഇത്. പ്രധാനമന്ത്രി തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുന്ന സാഹചര്യവും ഉണ്ടായി.

ശബരിമല വിഷയം പരമാവധി കത്തിച്ച് നിര്‍ത്തി തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങള്‍ പിടിച്ചെടുത്ത് തിരിച്ചടിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുനന്ത്. ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും ശബരിമല വിഷയം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ്സും കരുതുന്നത്.

അതേസമയം, പുരോഗമന കേരളത്തിലാണ് ഇടതുപക്ഷത്തിന്റെ സകല പ്രതീക്ഷയും. കേവലം സീറ്റുകള്‍ നേടാന്‍ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഏര്‍പ്പാടിനില്ലെന്നാണ് സി.പി.എം നിലപാട്.രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇറക്കാന്‍ ഉമ്മന്‍ചാണ്ടി വലിയ താല്‍പ്പര്യം എടുത്തതിന് പിന്നിലും വ്യക്തമായ അജണ്ടയുണ്ട്.

ശബരിമല വിഷയവും രാഹുല്‍ എഫക്ടും ഇടതുപക്ഷത്തെ തരിപ്പണമാക്കുമെന്നതാണ് ആ കണക്ക്കൂട്ടല്‍. അങ്ങനെ വന്നാല്‍ പിണറായി രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉറപ്പായും കരുതുന്നുണ്ട്.

സി.പി.എമ്മില്‍ നിന്നും മറ്റാര് തന്നെ മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് യു.ഡി.എഫ് നേതാക്കള്‍. ഇപ്പോള്‍ സര്‍ക്കാര്‍ തുടരുന്ന കര്‍ക്കശ നിലപാട് അതോടെ മാറും എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷയുടെ അടിസ്ഥാനം.എന്നാല്‍ ഇതെല്ലാം പ്രതിപക്ഷത്തിന്റെ അതിമോഹം മാത്രമായാണ് സി.പി.എം പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പിണറായി തന്നെ കാലാവധി തികക്കുമെന്നും സെക്രട്ടറിയേറ്റിനെ അഴിമതിയുടെ പൂരപറമ്പാക്കിയവര്‍ മിണ്ടിപ്പോകരുതെന്നുമാണ് ചെമ്പടയുടെ താക്കീത്.

Express Kerala View

Top