ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കൈകോര്‍ക്കാം, സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയവും നിപ്പയും ഉണ്ടായ വര്‍ഷങ്ങളില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ച സഹകരണത്തിനെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഈ അറിയിപ്പ്‌. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തില്‍ നമ്മുടെ സര്‍ക്കാര്‍-ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ സധൈര്യം മുന്നോട്ട് വന്നു സര്‍ക്കാരിനൊപ്പം കൈകള്‍ കോര്‍ക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

സഹകരിക്കുന്നവര്‍ക്ക് ആവശ്യമായ ട്രെയിനിംഗുകള്‍ നല്‍കുമെന്നും സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്‌സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറില്‍ മിസ് കാള്‍ ചെയ്‌തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സർക്കാരിനു മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നൽകിയത്.

ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്. അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.

വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.

Top