ആയിരം ദിനങ്ങള്‍ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2.57 ലക്ഷം പേര്‍ക്കാണ് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക. കണക്കുകളടക്കം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തിയതായും അദ്ദേഹം അറിയിച്ചു.

ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top