തിരുവനന്തപുരം: ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം പ്രചാരണങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിരുന്നു. അങ്ങനെയൊരു ബില്ലില്ല. അത്തരമൊരു നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. ഇടതുമുന്നണി ഇങ്ങനെയൊരു ബില്ലിന് അനുകൂലമല്ലെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ നിയമപരിഷ്‌കരണ കമ്മീഷനുണ്ട്. ജസ്റ്റീസ് കെ.ടി. തോമസാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. സഭാസ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ നിയമനിര്‍മാണം കൊണ്ടുവരണം എന്ന ഒരു നിവേദനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ നിവേദനം സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയാന്‍ അദ്ദേഹം അതു വെബ്‌സൈറ്റിലിട്ടു. കമ്മീഷന്‍ യോഗം ചേര്‍ന്ന് ഇത്തരമൊരു തീരുമാനം എടുത്തതല്ല. ഇതുസംബന്ധിച്ചു വിവാദം ഉയര്‍ന്നുവന്നപ്പോള്‍ ജസ്റ്റീസ് കെ.ടി. തോമസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കോടിയേരി പറഞ്ഞു.
രാജ്യത്ത് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളും സഭാനിയമങ്ങളും ഉണ്ട്. അതിനുപുറമേ ഇനി മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഇതുസംബന്ധിച്ചു യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന കാലത്തും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. അന്നു വി.എസ് സര്‍ക്കാര്‍ അവ പൂര്‍ണമായും തള്ളിക്കളഞ്ഞതാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.