‘എയര്‍കേരള’ പദ്ധതി പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ് : ‘എയര്‍കേരള’ പദ്ധതി പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന എയര്‍കേരള സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് , എന്നാല്‍ ഇപ്പോള്‍ അത് പുനരാലോചിക്കേണ്ട സാഹചര്യമാണ്. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുബായില്‍ ലോക കേരള സഭ പശ്ചിമേഷ്യ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്താണ് സംസ്ഥാനം എയര്‍ കേരളയെക്കുറിച്ച് ആലോചിച്ചത്. എന്നാല്‍, പദ്ധതി എങ്ങുമെത്തിയില്ല. കേരള ബാങ്ക് ഉടന്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസമായി ദുബൈയില്‍ നടന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം സമാപിച്ചു. വിവിധ സമിതികള്‍ മുന്നോട്ടു വെച്ച പത്ത് നിര്‍ദേശങ്ങള്‍ സഭ അംഗീകരിച്ചു. പ്രവാസി പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച വിവിധ സബ്കമ്മിറ്റികളുടെ ശുപാര്‍ശകളാണ് മേഖലാ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്. വൈകീട്ട് സമാപന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായ എം.എ യൂസഫലി, ഡോ.ആസാദ് മൂപ്പന്‍, ഡോ.രവി പിള്ള, സി.വി റപ്പായി, ബെന്യാമിന്‍, വിദ്യ അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

Top