Pinarayi Vijayan-CPM

തിരുവനന്തപുരം: 1996-2001 കാലത്ത് ജനകീയാസൂത്രണത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കാനായില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതിയെ സിപിഎം എതിര്‍ത്തിട്ടില്ല. കരാറിലെ വ്യവസ്ഥകളെയാണ് എതിര്‍ത്തത്. വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയില്ല സിപിഎം നാടിന്റെ പങ്കാളിത്തത്തോടെ പദ്ധതിക്ക് രൂപം നല്‍കാതെ അഴിമതി ഉണ്ടാക്കുന്ന തരത്തില്‍ ആയതിനെയാണ് എതിര്‍ത്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

വികസന പദ്ധതികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കാന്‍ സിപിഎം തയ്യാറാണ്. പക്ഷേ, ഈ സര്‍ക്കാര്‍ ഏത് പദ്ധതിയാണ് കൊണ്ടുവന്നിട്ടുള്ളത്. എല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൊത്തം പ്രശ്‌നങ്ങളാണ് കേരളപഠന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുക. ഇതിനു ശേഷമാവും നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കുക. ഫെബ്രുവരിയില്‍ ഇത് ആരംഭിക്കും. കോണ്‍ഗ്രസിലെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കും എല്‍.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുകയെന്നും പിണറായി വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെതിരായ സി.പി.എമ്മിന്റെ നിലപാടുകള്‍ക്ക് മതനിരപേക്ഷ ശക്തികളുടെ പിന്തുണ ലഭിച്ചുവെന്നും പിണറായി അഭിപ്രായപ്പെട്ടു.

Top