പ്രധാനമന്ത്രിയുടെ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം ചീഫ് സെക്രട്ടറി

ന്യൂഡല്‍ഹി കോവിഡ് 19 പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന യോഗത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്നു സൂചന. മുഖ്യമന്ത്രിക്ക് പകരം കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ആണു പങ്കെടുക്കുക. കേരളത്തിന് സംസാരിക്കാന്‍ അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്.

കഴിഞ്ഞ യോഗത്തില്‍ പിണറായി വിജയന് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഖ്യമന്ത്രിമാരാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കുക. ഇന്നത്തെ ചര്‍ച്ചയില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം.

മേയ് 3 -ാം തീയതി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണയാകമായിരിക്കും.രാജ്യം ലോക്ഡൗണിലായശേഷം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ചര്‍ച്ചയാണിത്.രോഗവ്യാപനം, പ്രതിരോധ നടപടികള്‍, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.

കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യമുന്നയിച്ചത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമെന്തായാലും അതു നടപ്പാക്കുമെന്ന നിലപാടാണെടുത്തിരിക്കുന്നത്. അടുത്ത 7വരെ ലോക്ഡൗണ്‍ തുടരുമെന്നാണ് തെലങ്കാന വ്യക്തമാക്കിയിട്ടുള്ളത്.

Top