സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി; ‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പൊതുമേഖലയിലെ ഓൺലൈൻ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ 500 ഓട്ടോ ടാക്‌സി ഡ്രൈവർമാർക്ക് പരിശീലനം ഇതിനോടകം നൽകിയിട്ടുണ്ട്.

കേരള സവാരിയിൽ സീസണൽ ആയ നിരക്ക് മാറ്റം ഉണ്ടാകില്ല. സർവീസ് ചാർജ് 8 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓൺലൈൻ ടാക്‌സി സംവിധാനത്തേക്കാൾ കുറവാണ്. സർക്കാർ നിശ്ചയിച്ച നിരക്കിനൊപ്പം സർവീസ് ചാർജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ് നൽകാനുമായി ഉപയോഗിക്കും.

സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് കേരള സവാരി ഒരുക്കുന്നത്. പൊതുമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഓൺലൈൻ ടാക്‌സി സർവീസ് ആണ് കേരള സവാരി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. 9072272208 എന്ന കോൾ സെന്റർ നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം.

Top