ഔദാര്യമല്ല, ജനങ്ങളുടെ അവകാശം, തടസം നില്‍ക്കരുത്‌; സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമര്‍ശനമുണ്ട്. ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും ഇത്തരക്കാരല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി ജീവനക്കാരെ വിമര്‍ശിച്ചത്. മറിച്ച് ചിന്തിക്കുന്ന ആളുകളുണ്ട്. അവരില്‍ തിരുത്തല്‍ വേണം. ദീര്‍ഘകാലമായും വാതിലില്‍ മുട്ടിയിട്ട് തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ചിലരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആ ഉദ്ദേശ്യത്തോടെ കസേരയില്‍ ഇരിക്കണ്ട. അത്തരക്കാര്‍ പോകുന്നത് വേറെ ഇടത്താവും.

അഴിമതി അനുവദിക്കരുത്. പലര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്. നിങ്ങള്‍ കസേരകളില്‍ ഇരിക്കുന്നത് ജനങ്ങളെ സഹായിക്കാനാണ്. സംഘടനാ സമ്മേളനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Top