കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെയാണ് പിണറായിയെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളന് കഞ്ഞി വയ്ക്കുന്ന ആള്‍ മാത്രമല്ല, കള്ളന്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കള്ളനായ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും ശോഭ വ്യക്തമാക്കി.

വനിതാ മതിലില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നും മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സ്വത്തില്‍ നിന്ന് 50 കോടിയെടുത്ത് ചെലവഴിക്കട്ടെയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിലെ 50 കോടി രൂപ വനിതാമതിലിനായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം. സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ക്ഷേമത്തിനുമായി നീക്കിവയ്‌ക്കേണ്ടുന്ന തുകയാണിത്. വനിതാമതിലിനു സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഇതുവരെ ആണയിട്ടിരുന്ന പിണറായി വിജയന്‍ കള്ളനും സത്യസന്ധതയില്ലാത്തവനാണെന്നും തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയായി തുടരാന്‍ പിണറായിക്കു ധാര്‍മികമായി അവകാശമില്ല. ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടേതല്ല. മാര്‍ക്‌സിറ്റുകാരുടെ മാത്രം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

Top