മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്; വിമര്‍ശനവുമായി വി. മുരളീധരന്‍

muraleedharan

കോട്ടയം: കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നതിന്റെ കാരണം അഴിമതി മൂടിവെയ്ക്കുന്നതിന് വേണ്ടിയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.

പാലാരിവട്ടം പാലം അഴിമതിയിലെ മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മരടില്‍ ക്രമക്കേട് നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളാറ്റ് ഉടമകളെ മുന്നില്‍ നിര്‍ത്തി നിര്‍മ്മാതാക്കളെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മരട് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരാണ് നല്‍കേണ്ടത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, മുരളീധരന്‍ ആവശ്യപ്പെട്ടു.

മരട് വിഷയവും പാലാരിവട്ടം അഴിമതിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുമ്പിലുണ്ടായിട്ടും കേരളത്തില്‍ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും ശബരിമല വിഷയത്തില്‍ കോടതിവിധി വന്നശേഷം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, നിയമ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top