പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം; മുഖ്യമന്ത്രി ജനീവയില്‍ പ്രസംഗിക്കുന്നു. . .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍ പ്രസംഗിക്കുന്നു. യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് മുഖ്യമന്ത്രി ജനീവയില്‍ എത്തിയത്.

പ്രസംഗത്തില്‍ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി.

പ്രസംഗത്തില്‍ മത്സ്യത്തൊഴിലാളികളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രളയത്തെ അതിജീവിക്കാന്‍ കടലിനോടു പോരടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഇടപെടലാണു സഹായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്ടര്‍ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനര്‍നിര്‍മ്മാണ പദ്ധതി സിഇഒ ഡോ.വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, നെതര്‍ലന്‍ഡ്സ് യാത്രയ്ക്കിടെ ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ വേണുരാജാമണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Top