മൂന്ന് വര്‍ഷം കൊണ്ട് തെളിയിച്ചു; പറഞ്ഞത് നടപ്പാക്കുന്നതാണ് ഇടത് സര്‍ക്കാര്‍ നിലപാടെന്ന്

പാലാ: പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇതേ സമീപനം തന്നെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ആഗോളവല്‍ക്കരണം വലിയ അഭിവൃദ്ധി ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസും യുഡിഎഫും പ്രചരിപ്പിച്ചെന്നും എന്നാല്‍, വലിയ തകര്‍ച്ച ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി..

യുഡിഎഫിന്റെ ഭരണകാലത്ത് 131 കോടി രൂപ നഷ്ടത്തിലായിരുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 258 കോടി രൂപ ലാഭത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് വികസനകാര്യത്തില്‍ വ്യക്തമായ നിലപാടാണ് എടുത്തത്. സാമൂഹ്യ നീതിയോടെ സമഗ്ര വികസനം മുന്നോട്ട് വെച്ചു. ജനങ്ങള്‍ എല്‍ ഡി എഫിനെ സ്വീകരിച്ചു. പ്രകടന പത്രിക നടപ്പാക്കാനുള്ളതാണോ എന്ന് ചില പാര്‍ട്ടികള്‍ ചോദിച്ചു. എന്നാല്‍, പറഞ്ഞ കാര്യം നടപ്പാക്കുന്നതാണ് ഇടത് സര്‍ക്കാരിന്റെ നിലപാട്. മൂന്ന് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ അത് തെളിയിച്ചിട്ടുമുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ യുവാക്കള്‍ നിരാശയിലായിരുന്നു. നിയമന നിരോധനം തന്നെയായിരുന്നു അവരുടെ പ്രശ്‌നം. എല്‍ ഡി എഫ് വന്നപ്പോള്‍ നിയമന നിരോധനം എടുത്തു കളഞ്ഞു. 1,20,000 പേര്‍ക്ക് പുതിയതായി സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു. ഇവിടെ പഠിച്ചിറങ്ങുന്ന യുവജനതക്ക് ഇവിടെ തന്നെ തൊഴില്‍ കിട്ടുന്ന അവസ്ഥ വരേണ്ടതാണ്. ഇവിടെ വലിയ തൊഴില്‍ ശാലകള്‍ വരണം. ഈ മാറ്റം നാടിനോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫിന് മാത്രമാണ് കൊണ്ടു വരാന്‍ സാധിക്കുക.

Top