മുഖ്യമന്ത്രി സ്ഥാനത്തേക്ക് സര്‍വേയിലും മുന്‍തൂക്കം പിണറായിക്ക് !

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ളത് വെറും പത്ത് മാസത്തെ ഇടവേള. നേതാക്കളും മുന്നണികളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനം വിപുലമാക്കാനുള്ള തിരക്കിലാണ്. ഇതിനിടയിലൂടെ ഉയരുന്ന ആദ്യ ചോദ്യമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത്. എല്‍ഡിഎഫും യുഡിഎഫും ഒപ്പം ബിജെപിയും കരുത്ത് തെളിയിക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയില്‍ ലഭിച്ച വോട്ടിംഗ് ശതമാനം വിലയിരുത്തുകയാണ്.

സര്‍വെയില്‍ ലഭിച്ച ഒരു ഡസന്‍ പേരുകളും അവര്‍ക്കു കിട്ടിയ വോട്ടിംഗ് ശതമാനവുമാണ് വിലയിരുത്തുന്നത്. തുടര്‍ ഭരണം തന്നെ എന്ന് ഉറപ്പിച്ച് എല്‍ഡിഎഫും ഭരണ തുടര്‍ച്ചയെന്ന പതിവില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന യുഡിഎഫും തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയുമാണ് സര്‍വെയില്‍ മുന്നിലെത്തിയത്. 27 ശതമാനം വോട്ടോടെ പിണറായി വിജയന്‍ പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കേരളത്തിന് അഭിമാനമായി ഇടത് മുന്നണി ഉയര്‍ത്തിക്കാട്ടുന്ന മന്ത്രി കെകെ ശൈലജ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 12 ശതമാനം പേരാണ് കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 7 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിട്ടിയത് 5 ശതമാനം പേരുടെ പിന്തുണയാണ്.

കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ കോണ്‍ഗ്രസ് നേതാവായ കെസി വേണുഗോപാലും നേടിയതും അഞ്ച് ശതമാനം പേരുടെ പിന്തുണ ഉറപ്പിച്ചപ്പോള്‍ ഇപി ജയരാജനും മുല്ലപ്പള്ളി രാമചന്ദ്രനും പികെ കുഞ്ഞാലിക്കുട്ടിയും നേടിയത് 3 ശതമാനം പേരുടെ വോട്ടാണ്. ബിജെപി നേതാവ് എംടി രമേശിന് രണ്ട് ശതമാനം വോട്ടും കോടിയേരി ബാലകൃഷ്ണന് ഒരു ശതമാനം വോട്ടുമാണ് ലഭിച്ചത്.

Top