ശബരിമല വിഷയം; മുഖ്യമന്ത്രി സി.പി.എമ്മിന്റെ നിലപാടിനെ സാധൂകരിക്കുന്നുവെന്ന് സുരേന്ദ്രന്‍

k surendran

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാടിനെ സാധൂകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാജപ്രചരണം നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും സമരത്തെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ പണ്ഡിതരുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതെങ്കില്‍ കോടതിയില്‍ അക്കാര്യം വാദിക്കാത്തതെന്താണെന്ന് വെളിപ്പെടുത്തണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യം കോടതി പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് അങ്ങനെയെങ്കില്‍ റിവ്യുഹര്‍ജി നല്‍കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.

പ്രളയം ഉണ്ടാക്കിയ ദുരന്തത്തിന് ശേഷം ശബരിമല വിധിയുടെ രൂപത്തില്‍ സര്‍ക്കാര്‍ മറ്റൊരു ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരായി നില കൊള്ളുമ്പോള്‍ അതിനെ തകര്‍ക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top