Pinarayi vijayan support A.K Dhamodharan and sreedharan nair

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരനെയും ശ്രീധരന്‍ നായരെയും പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ചത് പ്രതിഫലം നല്‍കിയല്ലെന്നും അതിനാല്‍ ഏതെങ്കിലും കേസുകള്‍ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തിന് തടസമില്ല. ഏത് കേസ് ഏറ്റെടുക്കണം തള്ളണം എന്ന് എം.കെ ദാമോദരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.

മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ കോടതിയില്‍ ഹാജരായ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനിലൂടെ നിയമസഭയില്‍ ഉന്നയിച്ചത്.

ഇതിനുള്ള മറുപടിയിലാണ് പിണറായി വിജയന്‍ എം.കെ ദാമോദരനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രീധരന്‍ നായര്‍ വ്യക്തിപരമായി തട്ടിപ്പ് നടത്തിയെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി. കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാകാം തിരിച്ചടക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും അതുവരെ പ്രതിയാണെന്നു പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഭൂമി ഡയറക്ടര്‍മാരറിയാതെ പണയം വെച്ച് അഞ്ച് കോടി രൂപ വായ്പയെടുത്തതായാണ് ശ്രീധരന്‍ നായര്‍ക്കെതിരായ പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഡോക്ടര്‍ കെ ആര്‍ വാസുദേവനാണ് കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാറിനെ നിയമോപദേശം നല്‍കേണ്ട വ്യക്തി തന്നെ കേസില്‍ പ്രതിയായിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ കേസ് കഴിയുന്നത് വരെ ശ്രീധരന്‍ നായരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top