pinarayi vijayan statement about home ministry

തിരുവനന്തപുരം: യൂണിഫോമിടാതെയും സ്ഥലംമാറ്റത്തില്‍ ഇടപെട്ടും ആഭ്യന്തരവകുപ്പില്‍ വിലസാന്‍ ഇനി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കു കഴിയില്ല.

പൊലീസ് ഭരണം താന്‍ നടത്തിക്കൊള്ളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാനെത്തിയ പൊലീസ് ഓഫീസേഴ്‌സ് അസോസിഷന്‍ നേതാക്കളോട് തുറന്നടിച്ചു.

സ്ഥലമാറ്റവും നിയമനകാര്യങ്ങളും നടത്താന്‍ തന്റെ ഓഫീസുണ്ടെന്നും അസോസിയേഷന്‍ ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ മതിയെന്നുമായിരുന്നു പിണറായിയുടെ മുഖത്തടിച്ചുള്ള മറുപടി.

എഎസ്‌ഐ മുതല്‍ സിഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ .മുന്‍ ഇടത് അനുകൂല പൊലീസ് സംഘടനയുടെ സംസ്ഥാന നേതാവാണ് ഇപ്പോള്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രധാന സാരഥി.

പൊലീസ് ഭരണം പിടിച്ച അസോസിയേഷന്റെ നേതാക്കള്‍ കഴിഞ്ഞ സര്‍ക്കാരുകളെപ്പോലെ പൊലീസ് ഭരണവും സ്ഥലംമാറ്റവും നടത്താനാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

കാര്യങ്ങളെല്ലാം ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ടെന്നും ഇനി അദ്ദേഹത്തെ കണ്ടാല്‍മതിയെന്നും പറഞ്ഞ് മിനുറ്റുകള്‍ക്കകം മുഖ്യമന്ത്രി കൂടിക്കാഴ്ചയും അവസാനിപ്പിച്ചു.

ഡി.ജി.പി ബെഹ്‌റയെ കണ്ടപ്പോഴും അസോസിയേഷന്‍ നേതാക്കള്‍ക്ക് കണക്കിനുകിട്ടി. സംഘടനാപ്രവര്‍ത്തനമെന്ന പേരില്‍ പണിയെടുക്കാതെ കറങ്ങിനടക്കാന്‍ അനുവദിക്കില്ലെന്നായിരുന്ന ഡി.ജി.പിയുടെ താക്കീത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും വി.എസ് അച്യുതാനന്ദന്‍, നായനാര്‍ സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴെല്ലാം പൊലീസിലെ സ്ഥലംമാറ്റകാര്യങ്ങളില്‍ ഇടപെട്ടിരുന്നത് പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനുമായിരുന്നു.

ഐ.പി.എസുകാരെപ്പോലും സല്യൂട്ട് ചെയ്യാതെ യൂണിഫോം ഇടാതെയും ജോലിചെയ്യാതെയും കറങ്ങി നടക്കലായിരുന്നു അസോസിയേഷന്‍ നേതാക്കളുടെ പരിപാടി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും എസ്പിയെ വരെ തല്ലാന്‍ ധൈര്യം കാണിച്ചിട്ടുണ്ട് സാധാപൊലീസുകാരനായ ഒരു അസോസിയേഷന്‍ നേതാവ്.

നിയമനങ്ങള്‍ക്കും സഥലംമാറ്റങ്ങള്‍ക്കുമായി ഉന്നത ഉദ്യോഗസ്ഥര്‍പോലും അസോസിയേഷന്‍ നേതാക്കളുടെ കാലുപിടിക്കേണ്ട അവസ്ഥയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു.

പൊലീസ് സംഘടനകളുടെ ഇത്തരം ഭരണത്തിനാണിപ്പോള്‍ പിണറായി കടിഞ്ഞാണിട്ടിരിക്കുന്നത്. വിജിലന്‍സിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണിപ്പോള്‍ നിയമനം നടത്തുന്നത്. ന്യായമല്ലെന്നു കണ്ടാല്‍ പാര്‍ട്ടി ശുപാര്‍ശപോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ല.

Top