ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത മതി, ഭയം വേണ്ട; എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡാമുകള്‍ തുറക്കുമ്പോള്‍ വേണ്ട ജാഗ്രത നിര്‍ദേശം എല്ലായിടത്തും നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കി ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും.

Top