മുഖ്യമന്ത്രിയെ അപമാനിച്ചതിന് 119 പേര്‍ക്കെതിരെ കേസ്; 13 സര്‍ക്കാര്‍ ജീവനക്കാരും പട്ടികയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചതിനു 119 പേർക്കെതിരെ കേസ്. ഇതിൽ 12 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ കേന്ദ്രസർക്കാർ ജീവനക്കാരനുമാണ്.മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഈ സർക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സർക്കാർ ജീവനക്കാർ.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ഇപ്രകാരം എത്ര പേർക്കെതിരെ നടപടിയെടുത്തുവെന്ന ചോദ്യത്തിന് ‘വിവരം ശേഖരിച്ചു നൽകാം’ എന്നു മാത്രമാണു മറുപടി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. വളരെ വൈകിയാണ് ഉത്തരം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത്. ജനുവരിവരെ നടപടിക്ക് വിധേയരായ 41 പേരിൽ 12 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും 29 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനു 38 കേസുകളിലായി 56 പ്രതികൾ. ഇതിൽ 26 പേർ അറസ്റ്റിലായി. ഇതേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പോസ്റ്റിട്ടതിനു 11 പരാതി സർക്കാരിനു ലഭിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളിൽ 3 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രിമാരായ കെ.ടി ജലീൽ, കെ.കെ.ഷൈലജ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ, എം.കെ മുനീർ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെ പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത്തരം ആക്ഷേപങ്ങൾ സാധരണമാണ്.

Top