നവമാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തടയുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന സര്‍വ്വകക്ഷി യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്റലിജന്‍സും സൈബര്‍ സെല്ലും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ത്തമാനകാല സമൂഹത്തില്‍ നവമാധ്യമങ്ങള്‍ അവിഭാജ്യമായ ആവശ്യമായി മാറിക്കഴിഞ്ഞെന്നും ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോള്‍ അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും എതിര്‍ശബ്ദങ്ങളെ സംസ്‌കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐ.ഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ളവരെയും പല പ്രമുഖ വ്യക്തികളെയും പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. നിലവിലുള്ള നിയമങ്ങളില്‍ പോരായ്മകള്‍ ഉണ്ട് എന്ന അഭിപ്രായം പൊതുവില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന പൊതുവായ അഭിപ്രായം സര്‍വ്വകക്ഷി യോഗത്തില്‍ തന്നെ ഉണ്ടായിട്ടുള്ളതാണ്. ഇക്കാര്യം പരിശോധിച്ചു വരികയാണ്, മുഖ്യമന്ത്രി അറിയിച്ചു.

Top