ഒടുവില്‍ കീഴടങ്ങി; ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. എന്നാല്‍ അദ്ദേഹം നാളെ സ്ഥാനമേല്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സെന്‍കുമാറിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്.

സെന്‍കുമാര്‍ കേസില്‍ വ്യക്തത ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി ചിലവായ 25,000 രൂപ പിഴ സഹിതം സുപ്രീം കോടതി തള്ളിയിരുന്നു.

കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് നിയമനം നടന്നില്ലെങ്കില്‍ അത് സര്‍ക്കാരിനെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്കും ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നതിലേക്കോ ഒക്കെ നീങ്ങിയേക്കാമെന്നുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടായെന്ന വാര്‍ത്ത വരുമ്പോള്‍ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടത്.

സെന്‍കുമാറിന് അടിയന്തരമായി നിയമനം നല്‍കാനുള്ള നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ സര്‍ക്കാരിന് നല്‍കിയെന്നാണ് സൂചന.

അതേസമയം ഉത്തരവ് കയ്യില്‍ കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ അറിയിച്ചു.

Top