ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒരുമിച്ചു തന്നെ നിന്നെന്നും അതിനാല്‍ ദുരന്തത്തെ അതിജീവിക്കാന്‍ സാധിച്ചെന്നും എല്ലാ ക്യാമ്പുകളിലും സംതൃപ്തകരമായ അന്തരീക്ഷമാണ് കാണാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെയാണ് ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം മാത്രം നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം നല്‍കും. നഷ്ടപ്പെട്ട രേഖകള്‍ തിരികെനല്‍കാന്‍ പ്രത്യേക അദാലത്തു നടത്തും. ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍ നല്‍കുമെന്നും കല്‍പറ്റയില്‍ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലും എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ അദ്ദേഹം നിരീക്ഷിച്ചു. ഇന്ന് രാവിലെ 7.30നാണ് തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തിരിച്ചത്. ഇടുക്കിയിലേക്കായിരുന്നു ആദ്യ യാത്ര. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാനായില്ല. തുടര്‍ന്നായിരുന്നു സംഘം വയനാട്ടിലേക്ക് പോയത്.

Top