പി എസ് സി റാങ്ക് പട്ടികയിൽ വന്നിട്ടും ജോലി കിട്ടാതെ പോകുന്ന സ്ഥിതി പരിശോധിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ശേഷം ജോലി കിട്ടാതെ പോകുന്ന സ്ഥിതി പ്രത്യേകമായി പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷമെങ്കിലും സർവീസ് ഉള്ളവരെ മാനുഷിക പരിഗണന വച്ചു സ്ഥിരപ്പെടുത്തുന്ന രീതി സർക്കാർ പിന്തുടർന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

റാങ്ക് പട്ടികയിൽ നിന്ന് ആളു വരില്ലെന്ന് ഉറപ്പുള്ള തസ്തികയിലാണ് ഇതു ചെയ്യുന്നത്.ഒഴിവുള്ള നിയമനങ്ങളെക്കാൾ അഞ്ചിരട്ടി വരെ ഉൾക്കൊള്ളുന്നതാണു റാങ്ക് പട്ടികയെന്നു മുഖ്യമന്ത്രി പറഞ്ഞു. പട്ടികയിൽ വരുമ്പോൾ ജോലി പ്രതീക്ഷിക്കുകയും കിട്ടാതെ വരുമ്പോൾ നിരാശരാകുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ കരാർ/ കൺസൽറ്റൻസി നിയമനം അനിവാര്യമാണ്. അതു സർക്കാർ നിയമനമല്ല.

പിഎസ്‌സിക്കു വിജ്ഞാപനം ചെയ്യേണ്ട തസ്തികകളും അല്ല. പിഎസ്‌സി വഴി നിയമിക്കേണ്ടിടത്ത് അങ്ങനെ മാത്രമാണു ചെയ്യുന്നത്. ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേർക്കു പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകി. ഈ സർക്കാർ 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. താൽക്കാലിക തസ്തിക കൂടിയാകുമ്പോൾ 44,000 വരും.

Top