തന്റെ ശൈലി ഇത് തന്നെ. . . ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ കാരണം ശബരിമല വിഷയമല്ലെന്നും ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്നും അത് പാര്‍ട്ടി വിശദമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ശൈലിയില്‍ മാറ്റം വരുത്തില്ല. ഈ ശൈലിയിലൂടെയാണ് താന്‍ ഈ നിലയിലെത്തിയത്. രാജി വെയ്ക്കത്തുമില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം, മുഖ്യമന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് ശബരിമല വിഷയം ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചു. ശബരിമല വിഷയം വിശ്വാസം കാത്തുകൊണ്ടല്ലാതെ പരിഹരിക്കാനാകില്ല. സര്‍ക്കാര്‍ എത്ര ശക്തി ഉപയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് ശരിയായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എന്‍എസ്എസിന്റേത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരിച്ചടിക്ക് കാരണമായി, ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ തോല്‍വിയില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശബരിമലവിധി ധൃതി പിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്ത രീതി ആളുകളില്‍ ആശങ്കയുണ്ടാക്കിയെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്നും ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Top