സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ല, അവരും മനുഷ്യരാണ്‌ ; തന്ത്രിമാരെ പിന്തുണച്ച്‌ മുഖ്യമന്ത്രി

ആലപ്പുഴ : സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിമാര്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ശബരിമല ദേവസ്വം ബോര്‍ഡ് ഭരിക്കും. അതെടുത്തമ്മാനമാടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ നിലയില്‍ സര്‍ക്കാരുമായി തന്ത്രിമാര്‍ ഗുസ്തിക്കു വരാറില്ല. തന്ത്രിമാരും മനുഷ്യരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്ത ചിന്താഗതിക്കാരുണ്ട്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനവലയത്തില്‍പ്പെട്ട് ചിലര്‍ വഴിതെറ്റി പോയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്ത്രിമാരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. തന്ത്രിസമൂഹം മുഴുവന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ തന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Top