വനിതാ മതില്‍ ചരിത്രവിജയം ; വര്‍ഗ്ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉയര്‍ത്തിയ വനിതാ മതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലില്‍ പങ്കെടുത്ത കേരളീയ സ്ത്രീ സമൂഹത്തിന് പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു. രാജ്യം കണ്ട വലിയ വനിതാമുന്നേറ്റമാണ് മതിലൂടെ കണ്ടെതെന്നും പിണറായി പറഞ്ഞു.

യാഥാസ്ഥിതിക- വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള താക്കീതാണ് വനിതാ മതില്‍. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമെന്നും പിണറായി പറഞ്ഞു.

കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി.

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top