നഷ്ടം 8316 കോടി :ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മഴക്കെടുതിയില്‍ ഇതുവരെ 38 പേര്‍ മരിച്ചു, 4 പേരെ കാണാതായി. 2000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 10000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പ്രളയത്തില്‍ സംസ്ഥാനത്തൊട്ടാകെ 8316 കോടിയുടെ നഷ്ടമുണ്ടായി, ഇപ്പോഴത്തേത് ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ്, മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു.

ആകെ 260 കോടി ഇതിനകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദുരിതാശ്വാസ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. കേരളത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സ്ഥിതി ഗൗരവമുള്ളതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു

Top