പാലാരിവട്ടം പാലം; ഗുരുതര ക്രമക്കേട്, 107 ഗര്‍ഡറുകളില്‍ 97 നും വിള്ളലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് അറിയിച്ച് മുഖ്യമന്ത്രി. പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചിരുന്നില്ലെന്നും, 20 വര്‍ഷം മാത്രമേ പാലം നിലനിന്ന് പോകാന്‍ സാധ്യത ഉള്ളുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലത്തിന് 107 ഗര്‍ഡറുകളാണ് ഉള്ളത്. ഇതില്‍ പല ഭാഗത്തും വിള്ളലുകളുണ്ട്. എന്നാല്‍ പ്രത്യേകതരം പെയിന്റിംഗ് നടത്തിയിരിക്കുന്നതിനാല്‍ വിള്ളല്‍ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും നിലവാരമില്ലാത്ത കോണ്‍ക്രീറ്റാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ. ശ്രീധരന്റെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ബീമുകള്‍ ഉറപ്പിച്ചിരിക്കുന്ന മുഴുവന്‍ ലോഹ വയറിംഗുകളും കേടായി. പാലത്തിന്റെ അടിത്തറയ്ക്കു മാത്രം കുഴപ്പമില്ല. എന്നാല്‍ 17 കോണ്‍ക്രീറ്റ് സ്പാനുകള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

100 വര്‍ഷം ആയുസ് കണക്കാക്കിയ പാലം 20 വര്‍ഷത്തിനകം ഇല്ലാതാകാനാണ് സാധ്യത. 42 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം അറ്റക്കുറ്റപ്പണി ചെയ്യുന്നതിനായി 18 കോടി രൂപയാണ് കണക്കാക്കുന്നത്. പാലം പൂര്‍വ സ്ഥിതിയിലാക്കാന്‍ പത്ത് മാസം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top