നടന്നത് പിണറായി സർക്കാറിനെതിരായ വമ്പൻ ഗൂഢാലോചന, ‘അവർ’ കുടുങ്ങും

ടിനെ പട്ടിയാക്കി … പട്ടിയെ പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്നത് … കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുടെ ശൈലിയാണ്. അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് ഇത്തരക്കാരെ നയിക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ എതിരാളികളാല്‍ മാത്രമല്ല മാധ്യമങ്ങളാലും ഏറ്റവും അധികം വേട്ടയാടപ്പെട്ട രാഷ്ട്രിയ പാര്‍ട്ടിയും സി.പി.എം തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കടത്തും ഈത്തപ്പഴക്കടത്തും ചൂണ്ടിക്കാട്ടി സമാനതകളിലാത്ത കടന്നാക്രമണമാണ് ചെങ്കൊടിക്കു നേരെ നടന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവരായിരുന്നു ഏറ്റവും കൂടുതല്‍ കടന്നാക്രമണത്തിന് ഇരയായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചെയ്ത തെറ്റിന് മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കുകയുണ്ടായി.

ചാനല്‍ സ്റ്റുഡിയോകളില്‍ നിന്നും പുറത്ത് വരുന്ന ആരോപണങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷവും ഏകപക്ഷീയമായ കടന്നാക്രമണമാണ് നടത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന വിവരം എന്ന രൂപത്തിലാണ് ഈ നുണകളെല്ലാം പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ മഞ്ഞ മാധ്യമങ്ങള്‍ വരെ മത്സരിച്ചാണ് വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്നത്. ഈ കുപ്രചരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ദൃശ്യമായിരുന്നത്. വന്‍ ഭൂരിപക്ഷം നല്‍കിയാണ് പിണറായി സര്‍ക്കാറിനെ വീണ്ടും ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയിരിക്കുന്നത്. ആരോപണങ്ങളില്‍ ജനങ്ങളുടെ നിലപാട് ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വീണ്ടും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചിരിക്കുന്നത് കേന്ദ്ര ഏജന്‍സിയുടെ മാപ്പു സാക്ഷിയായ സന്ദീപ് നായരാണ്. മുന്‍ മന്ത്രി കെ ടി ജലീല്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ ബിനീഷ് കോടിയേരി എന്നിവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കണമെന്ന് സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

‘മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് എല്ലാം അറിയാമെന്ന് മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായാണ് മറ്റൊരു വെളിപ്പെടുത്തല്‍. അതീവ ഗൗരവമുള്ള സംഭവമാണിത്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൊലീസാണ് ഇനി തയ്യാറാകേണ്ടത്. കോഫെപോസ തടങ്കല്‍ അവസാനിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും മോചിതനായ ശേഷമാണ് സന്ദീപ് നായര്‍ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ‘ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടതെന്നാണ് സന്ദീപ് പറയുന്നത്. ഇത് ദുരുദ്ദേശ്യത്തോടെയാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കോടതിയെ അറിയിച്ചത് പൂര്‍ണമായും സത്യമാണെന്ന കാര്യത്തില്‍ സന്ദീപ് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ നേരിട്ടാണ് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും 14 ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നിട്ടും ഒരു മണിക്കൂര്‍പോലും ചോദ്യം ചെയ്തിരുന്നില്ലന്നും സന്ദീപ് ആരോപിച്ചിട്ടുണ്ട്. ”ഒരു പത്രകട്ടിങ് കാണിച്ചശേഷം ” അതുപോലെ മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടതെന്ന സന്ദീപിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കോടതിക്ക് ബോധ്യമാകുമെന്നും അയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സരിത് തന്റെ സുഹൃത്താണെന്നും അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്ന കാര്യവും സന്ദീപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതും നിലവില്‍ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാണുള്ളത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവരില്‍നിന്ന് മൊഴി എടുക്കാന്‍പോലും ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ തയ്യാറായിട്ടില്ല. കസ്റ്റംസിന്റെയും ഇഡിയുടെയും കേസില്‍ മുഖ്യപ്രതിയായ സന്ദീപ് നായരെ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയായത് തന്നെ ദുരൂഹമാണ്. ആ സന്ദീപ് നായര്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സിക്കെതിരെയും തിരിഞ്ഞിരിക്കുന്നത്. കേരളത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. കോണ്‍സുല്‍ ജനറലും, അറ്റാഷെയും ഇതുവരെ പ്രതികളായിട്ടുമില്ല. കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം നിലച്ചിട്ട് തന്നെ മാസങ്ങളായി. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വന്‍ പ്രചാരണം അഴിച്ചുവിട്ട കേന്ദ്ര ഏജന്‍സികള്‍ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് പിന്‍വാങ്ങിയിരുന്നത്. മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെ പോലും ഇതുവരെ ചോദ്യം ചെയ്യാന്‍ റോയും ഐ.ബിയും എല്ലാം വിരല്‍ തുമ്പിലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.ഫൈസല്‍ ഫരീദ് ഇപ്പോഴും വിദേശത്ത് തന്നെയാണ് തുടരുന്നത്.

പുറത്തിറങ്ങി ആരെങ്കിലും സ്വാധീനിച്ചത് കൊണ്ടാണ് സന്ദീപ് നായര്‍ ഇത്തരമൊരു മൊഴി നല്‍കിയതെന്ന് ഒരിക്കലും കരുതാനാവില്ല. കാരണം ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജഡ്ജിക്കു മുന്നില്‍ സന്ദീപ് നായര്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ തന്നെയാണ് വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത്. ഇനി ഇക്കാര്യത്തില്‍ ശക്തമായ തുടര്‍ നടപടികളാണ് ആവശ്യമായിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ ആ കടമ നിര്‍വ്വഹിക്കാന്‍ സംസ്ഥാന പൊലീസ് തയ്യാറാകണം. ആരും നിയമത്തിന് അതീതരല്ല. ഒരു അന്വഷണ ഉദ്യോഗസ്ഥന്‍ തന്നെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കുരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങളും പുറത്ത് വരേണ്ടതുണ്ട്. അത് ഈ നാടിന്റെ കൂടി ആവശ്യമാണ്.

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറ്റിയ ഏക പിഴവ് ഒരു വര്‍ക്ക് ഷോപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു എന്നതാണ്. അത് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ജനാധിപത്യ അവകാശം ഉപയോഗിച്ചാണു ശ്രീരാമകൃഷ്ണനെ വിളിച്ചതെന്നും അദ്ദേഹവുമായി മറ്റു ബന്ധങ്ങളില്ലന്നുമാണ് സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് കൂടിയായ സന്ദീപ് നായര്‍ പറയുന്നത്. യു. എ. ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്പീക്കറെ പരിചയപ്പെട്ട സ്വപ്‌ന സുരേഷും ഈ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ദൃശ്യം ഉപയോഗിച്ച് സമാനതകളില്ലാത്ത വേട്ടയാടലാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്പീക്കര്‍ക്കു നേരെ നടത്തിയിരുന്നത്.

ക്രിമിനല്‍ മനസ്സ് തിരിച്ചറിയാനുള്ള ‘ഉപകരണം ഒന്നും സ്പീക്കറുടെ പക്കല്‍ ഇല്ലാത്തതിനാല്‍ സന്ദീപ് നായരല്ല സ്വപ്‌ന സുരേഷായാലും ഇനി ഇവര്‍ രണ്ടുപേര്‍ ഒരുമിച്ച് ക്ഷണിച്ചാലും ഉദ്ഘാടനത്തിന് അദ്ദേഹത്തിനു പോകേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആര് ക്ഷണിച്ചിട്ടായാലും ഇന്റലിജന്‍സിന്റെ ഭാഗത്തും ഇക്കാര്യത്തില്‍ പിഴവ് പറ്റിയിട്ടുണ്ട്.ഇത് മനസ്സിലാക്കിയുള്ള ഒരു ആനുകൂല്യവും മാധ്യമങ്ങള്‍ ശ്രീരാമകൃഷ്ണന് നല്‍കിയിട്ടില്ല. വിവാദങ്ങളില്‍ വിളവെടുപ്പിനാണ് അവരും ശ്രമിച്ചിരിക്കുന്നത്.

സന്ദീപ് നായരുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പി.ശ്രീരാമകൃഷ്ണനുമായി ഞങ്ങള്‍ മുന്‍പ് നടത്തിയ അഭിമുഖത്തിനും ഏറെ പ്രസക്തിയുണ്ട്. പ്രസക്തഭാഗങ്ങള്‍ ഇവിടെ കാണാം . . .

EXPRESS KERALA VIEW

Top