എസ്.എസ്.എല്‍.സി വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

pinarayi

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇക്കുറി 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. നൂറ് ശതമാനം ജയം നേടിയ 1565 സ്‌കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകളാണെന്നുള്ളത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ജീവിതത്തില്‍ നേരിടുന്ന ആദ്യ കടമ്പ മാത്രമാണ് ഈ പരീക്ഷ. ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ കടമ്പകളെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ നിന്നും സ്വായത്തമാക്കിയ നന്മയുടെ പാഠങ്ങള്‍, സാഹോദര്യത്തിന്റെ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, പച്ചപ്പിന്റെ പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണ് വിജയമെന്നും മികച്ച ഒരു ഭാവി എല്ലാവര്‍ക്കും ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Top