മാധ്യമപ്രവര്‍ത്തകന്റെ മരണം; അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്…

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ പഴുതടച്ച അന്വേഷണം നടത്തുമെന്ന് പിണറായി വിജയന്‍. ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചുവെന്നത് പൊതുസമൂഹത്തിന് ബോധ്യമായ കാര്യമാണ്. മദ്യപിച്ചിരുന്നില്ല എന്ന് പറയുന്നത് ശ്രീറാം മാത്രമാണ്. അത് സമ്മതിച്ചാല്‍ പോലും അമിതവേഗത്തില്‍ വാഹനമോടിക്കരുതെന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിയമപരിജ്ഞാനമുള്ള അയാള്‍ക്ക് അറിയില്ലായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നല്‍കും. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയില്‍ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top