ശ്രീകോവില്‍ പ്രവേശനം നടപ്പാക്കിയത് ഇടതു സര്‍ക്കാര്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും വഴിക്കുള്ള മുമ്പോട്ട് പോക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേത്ര ശ്രീകോവില്‍ പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലത്ത് ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ജനതയ്ക്ക് ക്ഷേത്രത്തില്‍ കടക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രപരമായ പ്രത്യേകതയാണ്.

അപ്പോഴും ആ വിഭാഗത്തിന് ശ്രീകോവില്‍ നിഷിദ്ധമായിരുന്നു. ശ്രീകോവിലില്‍ ആ സമുദായത്തില്‍പെട്ട ശാന്തിക്കാര്‍ക്ക് കയറാമെന്നും പൂജ ചെയ്യാമെന്നുമുള്ള അവസ്ഥയുണ്ടാക്കിയത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴിതിരിച്ചു വിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജനജീവിതം മനുഷ്യ സമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നെടുനായകത്വം വഹിച്ച മഹനീയ വ്യക്തിയാണ് ഗുരു. എന്നാല്‍ കേരള സര്‍ക്കാരിന്റേതായി ഗുരുവിന്റെ പ്രതിമ എവിടെയും ഉയര്‍ന്നു വന്നിട്ടില്ല. ഇത് വലിയ പോരായ്മയാണ്. ഈ തിരിച്ചറിവാണ് തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ തന്നെ ഗുരു പ്രതിമ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്.

ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ്. ഇത് സര്‍ക്കാരിനറിയാം. എന്നാലതെല്ലാം അമൂര്‍ത്തമായ സ്മാരകമാണ്. അമൂര്‍ത്തമായ സ്മാരകത്തിനൊപ്പം മൂര്‍ത്തമായ സ്മാരകത്തിനും പ്രധാന്യമുണ്ട്. പ്രതിമ മൂര്‍ത്തമായ സ്മാരകമാണ്. പുതിയ തലമുറയും വിദേശത്തു നിന്നെത്തുവരും ഈ പ്രതിമ കാണും, അവരന്വേഷിക്കും. സാര്‍വ്വദേശീയവും സാര്‍വ്വകാലികവുമായ പ്രസക്തിയുള്ള ഗുരുസന്ദേശങ്ങള്‍ പുതിയ തലമുറയിലേക്ക് എത്തിക്കാന്‍ ഇതിലൂടെ കഴിയും. ആ മഹദ് സന്ദേശങ്ങള്‍ പുതുതലമുറ ഉള്‍ക്കൊള്ളുമ്പോള്‍ ഗുരു പറഞ്ഞപോലെ നരനും നരനും തമ്മില്‍ സാഹോദര്യമുണ്ടാക്കുന്ന പുതുസമൂഹം പിറക്കും. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ആ സമൂഹത്തിന്റെ പിറവിക്കു വേണ്ടിയാണ് ജീവിതകാലം മുഴുവന്‍ ഗുരു അവിശ്രമം പോരാടിയത്.

ഗുരു പോയി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സങ്കല്‍പത്തിലെ സമൂഹം പൂര്‍ണ്ണമായ അര്‍ഥത്തില്‍ സാധ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സാധ്യമായിട്ടില്ല എന്നതുകൊണ്ട് തന്നെ അത് സാധ്യമാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഇതാണ് ഗുരു പ്രതിമ സ്ഥാപിക്കുന്നതിലെ പ്രസക്തി. എല്ലാ കാലത്തിനും എല്ലാ ലോകത്തിനും ബാധകമായ സാര്‍വ്വജനീന പ്രസക്തിയുള്ള മൂല്യങ്ങളാണ് ഗുരു സന്ദേശത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

എല്ലാവരും സഹോദരങ്ങളാണെന്ന ചിന്ത ലോകത്തിലേക്ക് പടര്‍ത്താന്‍ കഴിഞ്ഞാല്‍ വര്‍ഗ്ഗീയത മുതല്‍ വംശീയതയുടെ പേരിലുള്ള വിദ്വേഷങ്ങളും കലാപങ്ങളും നരമേധങ്ങളും ലോകത്തുണ്ടാവില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചത്. ഇല്ലായിരുന്നെങ്കില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറയുമായിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായ മാനവിക വീക്ഷണമാണ് ഗുരു ഉദ്ദേശിച്ചത്. ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ നിന്ന് ജനതയെ മോചിപ്പിച്ച് മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുകയാണ് ഗുരു ചെയ്തത്.

Top