പോലീസ് അസോസിയേഷൻ രക്തസാക്ഷികളെ അനുസ്മരിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പോലീസ് അസോസിയേഷൻ രക്തസാക്ഷികളെ അനുസ്മരിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുസ്മരണം നടത്തിയതിനെ എന്തോ മഹാ അപരാധമായി കാണേണ്ടതില്ല. രക്തസാക്ഷി അനുസ്മരണം പുതിയ കാര്യമല്ല, അത് നേരത്തേയുള്ളതാണ്. അസോസിയേഷൻ പ്രവർത്തനങ്ങൾ വേണ്ടെന്നതിന് ബലം നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചുവപ്പ് കണ്ട കാളയെന്ന് നമ്മൾ പറയാറുണ്ട്. ചില നിറങ്ങൾ കാണുമ്പോൾ ചിലർക്ക് വിറളി പിടിക്കും. അതാണ് ഇപ്പോൾ കാണുന്നത്. പൊലീസിലെ രക്തസാക്ഷികളെയാണ് അസോസിയേഷൻ അനുസ്മരിച്ചത്. പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ട ഈ വിവാദത്തിൽ അടിസ്ഥാനപരമായി കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ നിന്ന് മനസിലായത്. എങ്ങനെയെങ്കിലും വിവാദങ്ങൾ ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നിലയില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗീയ ശക്തികള്‍ അക്രമത്തിലേക്ക് നീങ്ങുന്നു. സംസ്ഥാന ഭരണത്തെതന്നെ ഭയപ്പെടുത്താനാകുമോയെന്ന് രണ്ടാമത് ഒരുകൂട്ടര്‍ നോക്കുന്നു. നാടിന്റെ നന്മയല്ല അവരുടെ ലക്ഷ്യം. മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ നാടിനെ കലുഷിതമാക്കാന്‍ ആരെയും രെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. പൊലീസിന്റെ പ്രൊഫഷണലിസം അംഗീകരിക്കും. എന്നാൽ നിയമവിരുദ്ധമായി അവർ പ്രവർത്തിക്കരുത്. അങ്ങനെ ചെയ്യുന്നത് അംഗീകരിച്ച് നൽകാനാവില്ല. നിയമത്തിനുള്ളിൽ നിന്നുകൊണ്ട് സാധാരണക്കാർക്ക് ചെയ്യാവുന്ന പരമാവധി സഹായങ്ങൾ ചെയ്തു നൽകുകയാണ് പൊലീസ് ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top