ഇടതുമുന്നണിയുടെ പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:

സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. സാധാരണ ഗതിയിലുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാം കടക്കുകയാണ്. ഈ സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി എന്ന സംതൃപ്തിയാണ് സര്‍ക്കാരിനുള്ളത്. പക്ഷേ ഇനിയുള്ള കാലയളവില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് എന്തൊക്കെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ള കാര്യങ്ങള്‍ സ്വഭാവികമായും തയ്യാറാക്കേണ്ടതുണ്ട്.

പ്രകടന പത്രിക തയ്യാറാക്കാന്‍ നേരത്തെ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇതുപോലുള്ള യോഗങ്ങള്‍ ചേര്‍ന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കലാണ്. അതാണ് തുടര്‍ന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ശേഖരിക്കാനാകും. നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ട്. ആ വികസന കുതിപ്പിന് ദിശാബോധം നല്‍കാന്‍ ഇത്തരം കാഴ്ചപ്പാടുകള്‍ സഹായിക്കും.

ഇപ്പോള്‍ നാം കോവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ് അതിനാല്‍ വിപുലമായി പരിപാടികള്‍ പ്രായോഗികമല്ല. പക്ഷേ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കിയല്ലാതെ ഭാവികേരളത്തിന് വേണ്ട രൂപ രേഖ പൂര്‍ണതയില്‍ എത്തിക്കാനാകില്ല. അത്തരം ഒരു പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലുമെത്തി വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവദിക്കാന്‍ തീരുമാനിച്ചത്.

Top