കത്വ: പ്രതികള്‍ക്കെതിരെയുള്ള സ്വാഭാവികരോഷത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം അപലപനീയമെന്ന് മുഖ്യമന്ത്രി

pinarayi

കോഴിക്കോട്: കത്വ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഉയര്‍ന്ന സ്വാഭാവികരോഷത്തെ വര്‍ഗീയ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ നടന്ന ശ്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഗൂഢശ്രമത്തിനു തടയിട്ട പോലീസിന്റെ ജാഗ്രത അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വപ്നനഗരിയില്‍ കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിച്ച കേരള ഉമറാ സമ്മേളനം ഉത്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് ന്യൂനപക്ഷപ്രീണനമല്ലെന്നും ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്നവരെ മുന്നോട്ടു കൊണ്ടുവരാനുള്ള നടപടിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെറുപ്പും അക്രമവും നടത്തുന്നവര്‍ മതങ്ങളെയും മതഗ്രന്ഥങ്ങളെയും ഉദ്ധരിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഉള്ള സന്ദേശം പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവുമാണ്. വെറുപ്പും അക്രമവും വളര്‍ത്തുന്നവര്‍ ഇത് മറച്ചുവെയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കത്വ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് അതിനു പുറകിലുള്ളതും. ഇത് ജാഗ്രതയോടെ കാണണം. തിരുവനന്തപുരത്ത് വിദേശവനിതയുടെ കൊലപാതകികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top