‘മന്ത്രിമാർ ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്; ജാ​ഗ്രത വേണം’- ഓർമപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരായ സിപിഎം വിമർശനം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്നത് പോലുള്ള വലിയ പ്രശ്നമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നതായും വിമർശനങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ ജാഗ്രത പുലർത്തണം. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്. എങ്കിലും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സർക്കാരും രണ്ട് വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർ പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫീസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുത്. ഓഫീസുകളുടെ പ്രവർത്തനത്തിൽ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങൾക്കായാണ് ജനം കാണാനെത്തുന്നത്. ഓഫീസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്. തീരുമാനങ്ങൾ എടുക്കുന്നതിൽ പല മന്ത്രിമാരും പരാജയമാണെന്നും ഭരണ രംഗത്തെ പരിചയക്കുറവ് പ്രശ്നമാണെന്നുമായിരുന്നു വിമർശനം. നേതാക്കൾ വിളിച്ചാൽ പോലും ചില മന്ത്രിമാർ ഫോൺ എടുക്കില്ലെന്നു പരാതി ഉയർന്നു. വിമർശനം ഉന്നയിച്ചവരിൽ മുൻ മന്ത്രിമാരുമുണ്ട്.

Top