കോവിഡ് വ്യാപനം; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കൊവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികള്‍ക്ക് അടിയന്തര സംവിധാനമൊരുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരില്‍ അപകട സാധ്യത കൂടുതലാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ പ്രായോഗികമല്ല. വിദഗ്ധര്‍ ലോക്ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തില്‍ 54 % പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ആരോഗ്യമന്ത്രി വിശദീകരിക്കും.

 

Top