മുഖ്യമന്ത്രി കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കില്ല

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്മാറി. മുഖ്യമന്ത്രി വരുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രാദേശിക തലത്തില്‍ മുഖ്യമന്ത്രിക്ക് നേരെ എതിര്‍പ്പുണ്ടായേക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.

ഇന്ന് രാവിലെ വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് എത്തിയിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള താത്പര്യം അദ്ദേഹം അറിയിച്ചത്. ഇതേ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ആശയവിനിമയം ആരംഭിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയാല്‍ അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടാക്കുമോ എന്നതായിരുന്നു സിപിഎം നേതൃത്വം പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ പ്രതികരണം ഏത് രീതിയിലാവും എന്ന് പറയാനാവില്ല എന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെ അറിയിച്ചു എന്നാണ് സൂചന.

കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നസാധ്യ കണക്കിലെടുത്ത് മുഖ്യമന്ത്രി പെരിയയിലേക്ക് പോകരുതെന്ന അഭിപ്രായം പൊലീസും ബന്ധപ്പെട്ടവരെ അറിയിച്ചു എന്നാണ് സൂചന. ഇതോടെയാണ് കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനുള്‌ല തീരുമാനം മുഖ്യമന്ത്രി റദ്ദാക്കിയത്. കാസര്‍ഗോഡ്് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി അവിടെ വച്ച് സിപിഎം ജില്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കണ്ട മുഖ്യമന്ത്രി ജില്ലയിലെ ക്രമസമാധാന നിലയക്കെുറിച്ചും ചര്‍ച്ച നടത്തി.

Top