നിപ സംശയം; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം സ്വദേശിക്ക് നിപ്പ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് ആരോഗ്യ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് തയാറാണ്. ആരും ഭയപ്പെടേണ്ടെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. മൂന്നു മെഡിക്കല്‍ കോളേജുകളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുന്നത്. കോഴിക്കോട്, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകളിലാണ് മുന്‍ കരുതലായി പ്രത്യേക വാര്‍ഡുകള്‍ തുറന്നിരിക്കുന്നത്. കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം ചെരുന്നത്.

നിപ രോഗത്തിന് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ട എല്ലാ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

‘നിപ’ ബാധയുണ്ടെങ്കില്‍ അതിന് വേണ്ട എല്ലാ മരുന്നുകളും തയ്യാറാണെന്നും ആവശ്യമാണെങ്കില്‍ യുവാവ് കോഴ്സിനായി പോയ തൃശ്ശൂരിലേക്കും യുവാവ് പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജിലേക്കും മരുന്നുകള്‍ എത്തിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Top