പിണറായിയുടെ കാർ വിവാദമാക്കണ്ട, കോടികളുടെ കാറുള്ള മുഖ്യൻമാരുമുണ്ട്

കേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാർണിവൽ കൂടി എത്തുകയാണ്. 33.31 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. കൂടുതൽ സുരക്ഷാ സംവിധാനമുള്ളതും ഈ കാറ്റഗറിയിലെ വിലക്കുറവുമാണ് കിയക്ക് നറുക്ക് വീഴാൻ കാരണം. എന്നാൽ ഈ വാർത്ത പുറത്തു വന്നതോടെ പരിഹാസവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയകളിൽ രംഗത്തു വന്നിട്ടുണ്ട്. പിണറായി വിജയൻ ധൂർത്ത് നടത്തിയെന്നാണ് ഇവരുടെ ആരോപണം. നിലവിൽ കറുപ്പ് ഇന്നോവ ക്രിസ്റ്റ ഉള്ളതിനാൽ മിക്ക മാധ്യമങ്ങളും കിയ ലിമോസിൻ വാങ്ങിയതിനെയാണ് പരിഹസിച്ചിരിക്കുന്നത്. കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ സുരക്ഷക്ക് അനിവാര്യമാണെന്നതാണ് പൊലീസ് പറയുന്നത്.

2022 ജനുവരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നത്. ഇതിൽ കറുത്ത ഇന്നോവ ക്രിസ്റ്റ എത്തിക്കഴിഞ്ഞു. ടാറ്റ ഹാരിയറിനു പകരമുള്ള കിയ ലിമോസിനാണ് ഇനി എത്താനുള്ളത്. ഈ വാഹനത്തിലായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുക. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സഞ്ചരിക്കുന്ന വാഹനങ്ങൾ ഏതൊക്കെ എന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം അയൽ സംസ്ഥാനമായ തമിഴ്നാട് നോക്കാം. ഇവിടെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണ് മുഖ്യമന്ത്രി. ഇദ്ദേഹം ഉപയോഗിക്കുന്ന കാർ ലാൻഡ് റോവർ ഡിഫെൻഡറാണ്. ഒരു കോടിയിലധികം വില വരുന്ന വാഹനമാണിത്.തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി നേതാവ് ബസവരാജ്‌ ബൊമ്മ ഉപയോഗിക്കുന്നത് ഏകദേശം 33 ലക്ഷത്തോളം വില മതിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലാണ്. ഇയാളുടെ സ്വകാര്യ ശേഖരത്തിൽ കോടികൾ വിലമതിക്കുന്ന വാഹനങ്ങളുടെ ശേഖരവുമുണ്ട്.

ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസ്സ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയാണ് മുഖ്യമന്ത്രി. ഇദ്ദേഹം ഉപയോഗിക്കുന്നത് ടൊയോട്ട ലാൻഡ് ക്രൂയിസറാണ്. ഒന്നര കോടിയിലധികം വില വരുന്ന വാഹനമാണിത്. സുരക്ഷാ വർധിപ്പിക്കുന്നതിനായി ബുള്ളെറ്റ് പ്രൂഫ് ആക്കുന്നതിന് വേണ്ടി 40 ലക്ഷം രൂപ അധികം ചിലവാക്കിയിട്ടുമുണ്ട്.തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തന്റെ ഔദ്യോഗിക കാറായി ഉപയോഗിക്കുന്നത് ലാൻഡ് ക്രൂയിസറാണ്. ഇദ്ദേഹം ഏറെ നാളായി ഈ വാഹനം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഒന്നര കോടിയിലധികം വിലവരുന്ന ആഢംബര കാറാണിത്.

ഇന്ത്യയിൽ സ്വന്തമായി കാർ ഓടിക്കാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സർക്കാർ സ്‌പോൺസർ ചെയ്‌ത ഔദ്യോഗിക കാർ ഒഴിവാക്കി പകരം തന്റെ സ്വകാര്യ മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്സാണ് ഉദ്ധവ് ഉപയോഗിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെഴ്‌സിഡസ് ബെൻസ് എം ഗ്വാർഡിലാണ് സഞ്ചരിക്കുന്നത്. ബെൻസിന്റെ ലക്ഷ്വറി സീരിസിൽ ഉൾപ്പെടുന്ന ഈ വാഹത്തിന് 3 കോടിയോളം വില വരും. ഇന്ത്യയിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും വിലകൂടിയ ഒദ്യോഗിക വാഹനം യോഗിയുടേതാണ്.

അതുപോലെ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയായ ആംആദ്മി പാർട്ടി നേതാവ് ഭഗവത് മാൻ സിംഗ് ഉപയോഗിക്കുന്നത് 35 ലക്ഷം വിലമതിക്കുന്ന ടൊയോട്ട ഫോർച്യുനെറിന്റെ പുതിയ പതിപ്പാണ്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉപയോഗിക്കുന്നത് പഴയ മോഡൽ ഒരു ഇന്നോവയാണ്. ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് ഏറ്റവും ചിലവുകുറഞ്ഞ വാഹനം ഉപയോഗിക്കുന്നത് കെജരിവാൾ തന്നെയാണെന്ന് നിസംശയം പറയാം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഔദ്യോഗിക വാഹനം ടൊയോട്ട ലാൻഡ് ക്രൂയിസാണ്. മുഖ്യമന്ത്രിക്കായി ഖട്ടർ സർക്കാർ രണ്ട് ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവികളാണ് വാങ്ങിയിരിക്കുന്നത്. ഈ എസ്‌യുവികൾ ഓരോന്നും ഡൽഹിയിലും ഹരിയാനയിലുമാണ് പാർക്ക് ചെയ്തിരിക്കുന്നത്. കോടിയിലധികം വില വരും ഈ വാഹനത്തിന്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് ടാറ്റ സഫാരി സ്റ്റോമാണ്. ഇന്ത്യയിലെ പല രാഷ്ട്രീയക്കാരുടെയും ആദ്യ ചോയ്‌സ് ടാറ്റ സഫാരി ആയിരുന്ന ഒരു കാലം തന്നെ മുൻപുണ്ടായിരുന്നു. ഈ ഘട്ടത്തിൽ അതും നാം ഓർക്കേണ്ടതുണ്ട്. 15 ലക്ഷമാണ് ഈ വാഹനത്തിന്റെ വില

മധ്യപ്രദേശ് മുഖ്യമന്ത്രിയായ ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക വാഹനം 40 ലക്ഷത്തിലധികം വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ ആണ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറന് കഴിഞ്ഞ വർഷം നവീകരിച്ച ഔദ്യോഗിക കാർ ലഭിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു 5-സീരീസ് ആണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം. ബിഎംഡബ്ല്യു കവചിത പതിപ്പായ 5-സീരീസ് ഹൈ-സെക്യൂരിറ്റിയാണെന്ന് തോന്നുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ കാർ വാങ്ങിയതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. 75 ലക്ഷത്തിലധികം വില വരുന്ന വാഹനമാണിത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന് ബുള്ളറ്റ് പ്രൂഫ് എസ്‌യുവിയാണ് സർക്കാർ നൽകിയിരിക്കുന്നത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഉപയോഗിക്കുന്നത് MG ZE EV എന്ന ഇലക്ട്രിക്ക് വാഹനമാണ് . ഏകദേശം 26 ലക്ഷമാണ് ഇതിനുവില വരുന്നത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സർക്കാർ വകുപ്പുകളിലും സംസ്ഥാനത്തെ പൗരന്മാർക്കിടയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് താൻ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രിയം ഇലക്ട്രിക് കാറിനോട് തന്നെയാണ്.

രാജ്യത്തെ ഭൂരിപക്ഷ മുഖ്യമന്ത്രിമാരുടെയും അകമ്പടി വാഹനങ്ങൾ ഹൈടെക് ആണ്. ഈ ഇനത്തിൽ മാത്രം കോടികളാണ് ചിലവ് വരുന്നത്. അനിവാര്യമായ ചിലവുകളാണ് ഇതെന്ന് മനസ്സിലാക്കാതെയാണ് ഒരു വിഭാഗം വിമർശനങ്ങൾ ഉന്നയിക്കുന്നത്. സംസ്ഥാന ഭരണ തലവൻമാരായ മുഖ്യമന്ത്രിമാരുടെ സുരക്ഷയും സ്റ്റേറ്റിൻ്റെ ചുമതലയാണ്. ഭരണത്തിന്റെ വേഗത മാത്രമല്ല ഭരണാധികാരിയുടെ സുരക്ഷയും ഏറെ പ്രധാനമാണ്. വിമർശിക്കുന്നവർ അതും ഓർക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top