പിണറായി ഒരു വാക്ക് പറഞ്ഞാൽ അത് നടത്തും എന്ന് തെളിയിച്ചു

തിരുവനന്തപുരം: പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷി നിറുത്തി നടത്തിയ പ്രഖ്യാനം വെറും വാക്കല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിമാനപൂര്‍വ്വം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ ഇപ്പോള്‍ ഉറച്ച ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, നടക്കില്ല എന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നു’ പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയി. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നു. 2010 ലാണ് വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയില്‍ രണ്ടാം ഘട്ടം, കൊച്ചിമംഗലാപുരം , കൊച്ചികോയമ്പത്തൂര്‍ ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് 2014 ആഗസ്തില്‍ മുഴുവന്‍ കരാറുകളും ഗെയില്‍ ഉപേക്ഷിച്ചു. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവന്‍ വച്ചത്.

കൊച്ചി മംഗലാപുരം പാതയില്‍ 410 കിലോമീറ്ററിലാണ്ണ് കേരളത്തില്‍ പൈപ്പ് ലൈന്‍ ഇടേണ്ടത്. 2016 മെയ് വരെ 80 കി.മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി.മീ. പൈപ്പ് ലൈനിടാന്‍ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങള്‍ക്കുള്ളിലാണ് 380 കി മീ ദൂരത്തും പൈപ്പ് ലൈന്‍ ഇട്ടത്. 22 സ്റ്റേഷനുകളില്‍ 22 ഉം ആയിരം ദിനങ്ങള്‍ക്കിടയില്‍ പൂര്‍ത്തീകരിച്ചു. അവസാന മിനുക്കുപണി പൂര്‍ത്തിയാക്കി പൈപ്പ് ലൈന്‍ വേഗത്തില്‍ നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം. കൊച്ചി മംഗലാപുരം പാതയില്‍ കൂറ്റനാട് വച്ച് കോയമ്പത്തൂര്‍ ബംഗളൂരു പാതയിലേക്കുള്ള പൈപ്പ് ലൈന്‍ ആരംഭിക്കും. കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററില്‍ 85 കി.മീ ലും ഭൂ വിനിയോഗ അവകാശം ലഭ്യമാക്കിയത് ഈ 1000 ദിനങ്ങള്‍ക്കിടയിലാണ്. 20 കി മീ പ്രവൃത്തിയും ഈ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പില്‍ നാഴികക്കല്ലാകുന്ന പദ്ധതിയ്ക്കായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.

Top