വോട്ടിനു വേണ്ടി വര്‍ഗ്ഗീയത; മുസ്ലീംലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: മുസ്ലീംലീഗ് നേരത്തെയും എസ്ഡിപിഐയുമായി രഹസ്യധാരണയില്‍ എത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് ധാരണയ്ക്കു വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും നേരത്തെയും തെരഞ്ഞെടുപ്പുകളില്‍ ഇത്തരം ധാരണ ഉണ്ടായിരുന്നുവെന്നും നാല് വോട്ടിനു വേണ്ടി വര്‍ഗ്ഗീയത പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് എസ്ഡിപിഐ കേസുകള്‍ പിന്‍വലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗ്- എസ്പിഡിഐ കൂട്ടുകെട്ടിനെ അപകടകരകരമായ വര്‍ഗീയ കാര്‍ഡ് കളിയെന്നാണ് കോടിയേരി വിശേഷിപ്പിച്ചത്.

മുസ്ലിംലീഗ്, എസ്ഡിപിഐ നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്.

എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ തന്നെ ചര്‍ച്ച നടന്നുവെന്നാണ് എസ്ഡിപിഐ പരസ്യമാക്കിയിരിക്കുന്നത്. ചര്‍ച്ച നടത്തിയിട്ടും നടന്നില്ലെന്ന് പറയുന്നതു വസ്തുതകള്‍ മറച്ചുവെയ്ക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ആസൂത്രിതമായ നീക്കമാണ്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കുക എന്നതാണ് എസ്ഡിപിഐയും ലീഗും തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ. ഈ കൂട്ടുകെട്ട് അപകടകരമാണ്. മുസ്ലിം തീവ്രവാദികളേയും ഹിന്ദുത്വ വര്‍ഗീയ ശക്തികളേയും ഏകോപിപ്പിക്കാനുള്ള തുടക്കം മാത്രമാണ് ഈ ചര്‍ച്ച- കോടിയേരി വ്യക്തമാക്കി.

അതേസമയം, മുസ്ലീംലീഗും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടന്നു എന്ന വാദം ശക്തമായി തള്ളുകയാണ് മുസ്ലീംലീഗ്.

Top