‘ഹൃദ്യമായ അനുഭവം’; മുഖ്യമന്ത്രിയോട് സംവദിക്കാനെത്തി മങ്കട സ്‌കൂൾ ഫോർ ദ ബ്ലൈൻഡിലെ കുട്ടികൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആ​ഗ്രഹവുമായി സെക്രട്ടറിയറ്റിലെത്തിയ മലപ്പുറം മങ്കട കേരള സ്‌കൂൾ ഫോർ ദ ബ്ലൈൻഡിലെ വിദ്യാർഥികളുടെ അൽപ്പനേരത്തെ കാത്തിരിപ്പ് വെറുതെയായില്ല. മധുരം നൽകിയും തലയിൽ കൈവച്ച് ആശീർവദിച്ചുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളെ യാത്രയാക്കിയത്.

ബുധനാഴ്‌ച പകൽ പന്ത്രണ്ടോടെയാണ് വിനോദയാത്രയുടെ ഭാ​ഗമായി തലസ്ഥാനത്ത് എത്തിയ നൂറോളം കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിൽ എത്തിയത്. “ഗുഡ് ആഫ്റ്റർ നൂൺ. എല്ലാവർക്കും സുഖമല്ലേ?’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം കേട്ട് കുട്ടികളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു “അതേ…’ കുട്ടികളുടെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഏറെ നേരം അവർക്കൊപ്പം ചെലവിട്ട ശേഷം ഓരോരുത്തവർക്കും മധുരവും നൽകിയാണ് മുഖ്യമന്ത്രി കുട്ടികളെ യാത്രയാക്കിയത്.

ഏറെ ഹൃദ്യമായ അനുഭവമായിരുന്നെന്നും സ്‌കൂളും പഠനവുമായി ബന്ധപ്പെട്ട ഒരുപാട് വിശേഷങ്ങൾ അവർ പങ്കുവച്ചെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ആ കൊച്ചുമിടുക്കർക്ക് ആത്മവിശ്വാസത്തോടെ പഠിച്ച് മുന്നേറാനും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിലെത്താനും സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

Top